Wednesday, May 30, 2012

മലങ്കരസഭയ്ക്ക് 359 കോടി രൂപയുടെ ബജറ്റ്

മലങ്കരസഭയുടെ 2012-13 വര്‍ഷം 359 കോടി രൂപയുടെ ബജറ്റ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് അവതരിപ്പിച്ചു. Photo Gallery പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ പഴയ സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ കൂടിയ മാനേജിംഗ് കമ്മറ്റിയുടെ യോഗത്തിലാണ്് ബജറ്റ് അവതരിപ്പിച്ചത്.
കാതോലിക്കേറ്റിന്റെ സ്ഥാപന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സബര്‍മതി ആശ്രമത്തിന് സമീപം ഗാന്ധി സ്മരണ്‍ ഓര്‍ത്തഡോക്സ് ഗസ്റ് ഹൌസ് എന്ന പേരില്‍ അഹമദാബാദ് മെത്രാസനത്തിന്റെ ചുമതലയില്‍ ഒരു സാംസ്കാരിക മന്ദിരം നിര്‍മ്മിക്കുന്നതിന്  ബജറ്റില്‍ തുക ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്നും സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനെത്തുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്കും ഇതര മത സമുദായാംഗങ്ങള്‍ക്കും ഇവിടെ സൌജന്യമായി താമസിക്കുന്നതിനുളള സൌകര്യം ലഭ്യമാണ്.
കാര്‍ഷിക ഉല്‍പ്പാദനത്തില്‍ സഭാംഗങ്ങളെ  പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനായി  പഴം പച്ചക്കറി വിത്തുകളും തൈകളും സഭാംഗങ്ങളുടെ ഭവനങ്ങളില്‍ എത്തിക്കുന്നതിനുളള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. സഭയുടെ മര്‍ത്തമറിയം സമാജത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നവജ്യോതി സംഘങ്ങളിലൂടെയായിരിക്കും എല്ലാ ഭവനങ്ങളിലും പച്ചക്കറി വിത്തുകളും തൈകളും എത്തിക്കുക. രാസവളങ്ങളും കീടനാശിനികളും വിഷമയമാക്കുന്ന പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കുടുംബങ്ങള്‍ക്ക് ഇതിലൂടെ മോചനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.   പ്രകൃതിക്ഷോഭം മൂലം കൃഷി നഷ്ടപ്പെട്ട് കടക്കെണിയിലാകുന്ന  കര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയിലൂടെ നിരവധി സഭാംഗങ്ങള്‍ക്ക് സഹായം നല്‍കുവാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി തുടരണമെന്നുളള ബജറ്റ് നിര്‍ദ്ദേശത്തിന് യോഗം അംഗീകാരം നല്‍കി.
കോട്ടയം നഗരത്തില്‍ അത്യാധുനിക സൌകര്യങ്ങളോടുകൂടിയ ഓര്‍ത്തഡോക്സ് ചര്‍ച്ച് സെന്റര്‍ ബഹുനില ഓഡിറ്റോറിയ നിര്‍മ്മാണത്തിന് തുക വകയിരുത്തി. നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മ്മിക്കുന്ന പ്രസ്തുത ഓഡിറ്റോറിയം നിലവില്‍ വരുന്നത് പൊതുസമൂഹത്തിന് വളരെയേറെ പ്രയോജനകരമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സണ്‍ഡേസ്കൂള്‍ പരീക്ഷകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ളസ് ടുവിന് ശേഷമുളള സെക്കുലര്‍ വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പ നല്‍കാന്‍ പദ്ധതി ബജറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്. മെത്രാസനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട സഭാംഗങ്ങളായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നിര്‍ധനരായ സഭാംഗങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഈ വര്‍ഷവും അര്‍ഹരായ കൂടുതല്‍ സഭാംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും യോഗം അംഗീകാരം  നല്‍കി. നിലവിലുളള വിവിധ ജീവകാരുണ്യ പദ്ധതികളായ വിവാഹ സഹായം, ചികിത്സാ സഹായം, ഭവന നിര്‍മ്മാണ സഹായം, വിദ്യാഭ്യാസ സഹായം എന്നിവയ്ക്കും തുക വകകൊളളിച്ചിട്ടുണ്ട്. നിലവില്‍ വൈദികര്‍ക്കും, പളളികളിലെ പ്രധാന ശുശ്രൂഷകര്‍ക്കും പളളി സൂക്ഷിപ്പുകാര്‍ക്കുമുളള ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കും തുക വകയിരുത്തി. വൈദികരുടെ ശമ്പള പദ്ധതയിലേക്ക് ഒന്നര കോടിയില്‍ പരം തുക കേന്ദ്രവിഹിതമായി സബ്സിഡി നല്‍കുന്നതിനായി ഉള്‍പ്പെടുത്തി.
കേരളത്തിന് പുറത്ത് പഠനത്തിനായും ജോലിക്കായും പോകുന്ന യുവജനങ്ങള്‍ക്കായി ബാഹ്യ കേരളാ മെത്രാസനങ്ങളുടെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് യൂത്ത് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുളള പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ആരാധന ക്രമങ്ങള്‍ വിവിധ ഭാഷകളിലേക്ക് തര്‍ജജമപ്പെടുത്തുന്നതിനുളള പദ്ധതിയ്ക്കും യോഗം അംഗീകാരം നല്‍കി.
മട്ടാഞ്ചേരി കൂനന്‍ കുരിശ് തീര്‍ത്ഥാടന കേന്ദ്രം, തിരുവിതാംകോട് തീര്‍ത്ഥാടന കേന്ദ്രം, ചെന്നൈയിലെ മാര്‍ത്തോമ്മാന്‍ തീര്‍ത്ഥാടന കേന്ദ്രം, മുളന്തുരുത്തിയിലെ പരുമല തിരുമേനിയുടെ സ്മൃതി മന്ദിരം എന്നിവയ്ക്കും സഭയിലെ മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും തുക ഉള്‍ക്കൊളളിച്ചിട്ടുണ്ട്. സഭയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അനാഥാലയങ്ങള്‍ക്കും അശ്ശരണരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങള്‍ക്കും ഗ്രാന്റ് നല്‍കുന്നതിനും തീരുമാനിച്ചു. സഭയുടെ ദയറാകള്‍, ആശുപത്രികള്‍, വിവിധ അദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക മാറ്റി വെച്ചിട്ടുണ്ട്.  പ്രകൃതി ദുരന്ത സഹായ നിധി, നവജ്യോതി സ്വയം സഹായ സംഘം, പഴയ സെമിനാരി എന്നിവയ്ക്കും നാഗ്പൂര്‍ സെമിനാരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവികസിത മേഖലകളില്‍ നില്‍ക്കുന്ന പളളികള്‍ക്കും പളളികളില്‍ പാഴ്സനേജ് നിര്‍മ്മിക്കുന്നതിനുളള പദ്ധതിയ്ക്കും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഭയ്ക്ക് നേരെ വടക്കന്‍ മെത്രാസനങ്ങളില്‍ വിഘടിത വിഭാഗത്തില്‍ നിന്നുമുണ്ടാകുന്ന അക്രമ പ്രവര്‍ത്തനങ്ങളെ യോഗം അപലപിച്ചു. സഭയ്ക്ക് അവകാശപ്പെട്ട പളളികളില്‍ പ്രവേശിക്കുന്നതിന് അക്രമ പ്രവര്‍ത്തനങ്ങളിലൂടെ തടസ്സം നില്‍ക്കുന്നവര്‍ക്ക് നേരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. കാതോലിക്കേറ്റ് സ്ഥാപന ശതാബ്ദി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു.
പ്രസ്തുത യോഗത്തില്‍ മെത്രാപ്പോലീത്താമാരും സഭയിലെ മുപ്പത് മെത്രാസനങ്ങളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുത്തു.  ഫാ. ബിജു ആന്‍ഡ്രൂസ് ധ്യാനപ്രസംഗം നടത്തി. ഫാ. വി. ജെ. ജോസഫ്, കെ. ഗീവറുഗീസ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.  സഭാ മാനേജിംഗ് കമ്മറ്റിയുടെ അടുത്ത യോഗം ജൂണ്‍ 6 -ന് തുടര്‍ന്ന് നടത്തുന്നതിനും തീരുമാനിച്ചു. യോഗശേഷം മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി സന്ദര്‍ശിച്ചു.